Kerala
ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി എംഎൽഎ. സതീശന് എത്രയും വേഗം വനവാസത്തിന് പോകണമെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും മണി ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും വ്യത്യസ്തരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ സൗജന്യ വാഗ്ദാനം നടപ്പാക്കാനാവില്ല. നെഹ്റു കുടുംബത്തില്‍ ജനിച്ച പാരമ്പര്യം മാത്രമാണ് രാഹുൽ ഗാന്ധിയുടെ കൈമുതല്‍.
സോഷ്യലിസം നടപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. ഇപ്പോള്‍ രാജ്യം എവിടെ എത്തിയെന്ന് ചിന്തിക്കണമെന്നും മണി പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് കുതിക്കുകയാണ്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എം.എം. മണിയേയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ ഞാൻ അറിയിച്ചിരുന്നു. സ്വയം പിന്മാറിയതാണ്. ജില്ലാ കമ്മറ്റി നല്കിയ പട്ടികയില്‍ പേരുണ്ടായിരുന്നു. പാര്‍ട്ടി നല്‍കേണ്ടതെല്ലാം നല്കി. പാര്‍ലമെന്ററി വ്യാമോഹമില്ല.
ബാല്യകാലത്ത് ഇന്‍ക്വിലാബ് വിളിച്ച് തുടങ്ങിയതാണ് ഞാൻ. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതാണ് പൊതുജീവിതം. ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവും കേരളത്തിലില്ലെന്നും മണി പറഞ്ഞു.
Kerala
തൊടുപുഴ: സിപിഎം വിട്ട മുന്‍മന്ത്രി ജി. സുധാകരനെ വീണ്ടും പരിഹസിച്ച് എം.എം. മണി എംഎല്‍എ. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. "ശൂധാകരന്‍' എന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കമന്റ് ബോക്സില്‍ "പാര്‍ട്ടിയാണ് വലുത്?? പുറത്ത് പോയാല്‍ ഞാനും ശൂ' എന്നും അദ്ദേഹം കുറിച്ചു.
പാർട്ടി വിട്ടാൽ ജി. സുധാകരൻ വെറും ശൂ ആണെന്നും പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലെന്നും സുധാകരൻ വെല്ലുവിളിയാകില്ലെന്നും നേരത്തെയും മണി പ്രതികരിച്ചിരുന്നു.
ജി. സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ല. പാർട്ടിക്ക് കാര്യങ്ങൾ നോക്കാൻ അറിയാം. സുധാകരനെ പാർട്ടി മന്ത്രി വരെയാക്കിയെന്നും മണി പറഞ്ഞിരുന്നു.
Kerala
ഇടുക്കി: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ എം.എം. മണി എംഎൽഎ. രാജേന്ദ്രനെ കൈ കാര്യം ചെയ്യണമെന്നാണ് മണിയുടെ പരാമർശം.
സിപിഎം പൊതുപരിപാടിയിലാണ് മണിയുടെ വാക്കുകൾ. രാജേന്ദ്രനെ എല്ലാ കാലത്തും എംഎൽഎ ആയി ചുമക്കാൻ സിപിഎമ്മിന് കഴിയുമോ എന്നും മണി ചോദിച്ചു. പാർട്ടിയോട് രാജേന്ദ്രൻ നന്ദി കാണിക്കണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കി. മൂന്ന് തവണ എംഎൽഎ ആക്കി. പെൻഷൻ അടക്കം ആനുകൂല്യം പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യണം. അത് ചെയ്യുന്നത് താനാണെങ്കിലും അതാണ് നിലപാടെന്നും മണി പറഞ്ഞു.
Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി രംഗത്ത്. താൻ പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നാണ് എം.എം. മണി അറിയിച്ചത്.
ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. മറ്റൊരാളെ സ്ഥാനാർഥിയായി പാർട്ടി നിശ്ചയിച്ചാൽ ആ സ്ഥാനാർഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും എം.എം. മണി വ്യക്തമാക്കി.
വികസന പ്രവർത്തനങ്ങൾ തുടരുമെന്നും എംഎൽഎ പണി നോക്കി പാർട്ടിയിലേക്ക് വന്ന ആളല്ല താനെന്നും മണി പറഞ്ഞു. പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉടുമ്പൻചോലയിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിലകൊള്ളുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സീറ്റുകളുടെ എണ്ണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത്.
ഇതൊരു ഫോൺ നമ്പറല്ല എന്ന് ആരംഭിക്കുന്ന എം.എം. മണിയുടെ പോസ്റ്റിന് മറുപടിയായി തൽകാലം ഇതൊരു ഫോൺ നമ്പറാണ് പക്ഷേ കുറച്ചുകഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും എന്നാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
ഇതുകൂടാതെ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സീറ്റുകളുടെ എണ്ണത്തിനൊപ്പം 35 എന്ന രണ്ടക്ക സംഖ്യയും ബൽറാം കൂട്ടിച്ചേർത്തിട്ടുണ്ട്. 35 സീറ്റുകളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഒതുക്കുമെന്ന മുന്നറിയിപ്പാണ് വി.ടി. പങ്കുവയ്ക്കുന്നത്.
"98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും." എന്ന വി.ടി. ബൽറാമിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ഇതോടകം നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.
യുഡിഎഫ് 100 സീറ്റെന്ന ലക്ഷ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നതിനിടെയാണ് എൽഡിഎഫ് കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണവുമായി സൈബറിടത്തേക്ക് മണി രംഗപ്രവേശം ചെയ്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നണികളെല്ലാം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകളിലേക്ക് കടന്നതോടെ സൈബറിടങ്ങളിലും പോരാട്ടങ്ങൾ ആരംഭിച്ച് കഴിഞ്ഞു. സിപിഎം നേതാവ് എം.എം. മണി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് നിലവിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണവുമായാണ് മുൻ മന്ത്രി കൂടിയായ മണി രംഗത്തെത്തിയത്. "98, 68, 91, 99 ഇതൊരു ഫോൺ നമ്പറല്ല" എന്ന് ആരംഭിക്കുന്നതാണ് എം.എം. മണിയുടെ പോസ്റ്റ്.
യുഡിഎഫ് 100 സീറ്റെന്ന ലക്ഷ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നതിനിടെയാണ് എൽഡിഎഫ് കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണവുമായി സൈബറിടത്തേക്ക് മണിയുടെ രംഗപ്രവേശനം.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 98 സീറ്റുകൾ നേടിയിരുന്നു. തുടർന്ന് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തിലെത്തി. 2011ൽ 68 സീറ്റുകൾ നേടിയ ഇടതുപക്ഷം പ്രതിപക്ഷത്തേക്കെത്തിയപ്പോൾ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയിരുന്നു.
2016ൽ 91 സീറ്റുകളുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരം പിടിച്ചു. 2021ൽ വീണ്ടും 99 സീറ്റുകളുമായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുകയായിരുന്നു.
Kerala
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ശനിയാഴ്ച ആ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമുന്നയിച്ച എം.എം. മണി, സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞു.
Kerala
ഇടുക്കി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടർമാരെ പരിഹസിച്ച് സിപിഎം സംസ്ഥാന സമിതി അംഗം എം.എം.മണി. ജനങ്ങൾ സർക്കാരിന്റെ അനുകൂല്യം മേടിച്ചിട്ട് പണി തന്നുവെന്ന് മണി പരിഹസിച്ചു.
നന്ദി കേടാണ് ജനങ്ങൾ സർക്കാരിനോട് കാണിച്ചത്. പെൻഷൻ അടക്കമുള്ള മുഴുവൻ കാര്യങ്ങളും വാങ്ങി ശാപ്പാടടിച്ചിട്ട് സർക്കാരിനിട്ട് വച്ച് തരുകയാണ് ജനങ്ങൾ ചെയ്തത്.
റോഡുകളും പാലങ്ങളും അടക്കമുള്ള വികസനങ്ങൾ കൊണ്ടുവന്ന് ഇതുപോലെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടുണ്ടോ എന്നും എം.എം.മണി ചോദിച്ചു.